06:34pm 10 November 2026
NEWS
നാല് കളക്ടർമാരെ ഉൾപ്പെടെ മാറ്റി ഐഎഎസ് തലപ്പത്ത് അഴിച്ചുപണി
30/07/2025  04:50 AM IST
nila
നാല് കളക്ടർമാരെ ഉൾപ്പെടെ മാറ്റി ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

കേരളത്തിലെ ഐഎഎസ് ഉദ്യോ​ഗസ്ഥതലത്തിൽ അഴിച്ചുപണിയുമായി സംസ്ഥാന സർക്കാർ. നാല് ജില്ലാ കളക്ടർമാരെ ഉൾപ്പെടെ മാറ്റിയാണ് പുതിയ ക്രമീകരണം. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലകളിലെ കളക്ടർമാർക്കാണ് സ്ഥാനചലനം സംഭവിച്ചത്. ഇതുൾപ്പെടെ 25 ഐഎഎസ് ഉദ്യോ​ഗസ്ഥർക്കാണ് പദവിമാറ്റം ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച്ച അർദ്ധരാത്രിയോടെയാണ് ഐഎഎസ് ഉദ്യോ​ഗസ്ഥരെ പുനർവിന്യസിച്ചുള്ള ഉത്തരവിറങ്ങിയത്.  

എറണാകുളം ജില്ലാ കളക്ടറായിരുന്ന എൻ.എസ്.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായി നിയമിച്ചു. കെഎഫ്‌സിയുടെ മാനേജിങ് ഡയറക്ടറുടെ ചുമതലയും അദ്ദേഹത്തിനാണ്. പാലക്കാട് കളക്ടറായിരുന്ന ജി.പ്രിയങ്കയാണ് പുതിയ എറണാകുളം ജില്ലാ കളക്ടർ. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം.എസ്.മാധവിക്കുട്ടിയെ പാലക്കാട് ജില്ലാ കളക്ടറാക്കി. ഇടുക്കി കളക്ടറായിരുന്ന വി.വിഘ്‌നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി. പകരം പഞ്ചായത്ത് ഡയറക്ടറായിരുന്ന ഡോ.ദിനേശൻ ചെറുവാട്ടിനെ നിയമിച്ചു.

കോട്ടയം ജില്ലാ കളക്ടറായിരുന്ന ജോൺ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി. ന്യൂഡൽഹിയിൽ അഡീഷണൽ റെസിഡന്റ് കമ്മിഷണറായിരുന്ന ചേതൻകുമാർ മീണയാണ് കോട്ടയത്തെ പുതിയ കളക്ടർ. തൊഴിൽവകുപ്പ് സെക്രട്ടറിയായിരുന്ന കെ.വാസുകിയെ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കി. ഡൽഹിയിലെ റസിഡന്റ് കമ്മിഷണറായ പുനീത് കുമാറിനെ തദ്ദേശഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായിരുന്ന എസ്.ഷാനവാസാണ് പുതിയ തൊഴിൽ സെക്രട്ടറി. പഠനാവധി കഴിഞ്ഞെത്തിയ ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു.

തദ്ദേശ ഭരണവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായ ഡോ. എസ്.ചിത്രയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്കും ലാൻഡ് റവന്യൂ ജോയിന്റ് സെക്രട്ടറി എ.ഗീതയെ റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും മാറ്റി. തൊഴിലുറപ്പ് പ്ദ്ധതി മിഷൻ ഡയറക്ടറായിരുന്ന എ.നിസാമുദ്ദീനെ കിലയുടെ ഡയറക്ടറായും രജിസ്‌ട്രേഷൻ ഐജി ആയിരുന്ന ശ്രീധന്യാ സുരേഷിനെ ടൂറിസം അഡീഷണൽ ഡയറക്ടറായും മാറ്റി നിയമിച്ചു.

സിവിൽ സപ്ലൈസ് കോർപ്പറേഷൻ എംഡി ആയിരുന്ന ഡോ.അശ്വതി ശ്രീനിവാസിനെ ന്യൂഡൽഹിയിലെ അഡീഷണൽ റെസിഡന്റ് കമ്മിഷണറാക്കി. പിന്നാക്ക സമുദായ വികസന കോർപ്പറേഷൻ ഡയറക്ടറായ ഡോ.ജെ.ഒ.അർജുനെ വയനാട് ടൗൺഷിപ്പ് പ്രോജക്ട് സിഇഒ ആയി നിയമിച്ചു. ഫോർട്ട് കൊച്ചി സബ് കളക്ടർ കെ.മീരയെ സർവേ ആൻഡ് ലാൻഡ്‌ റെക്കോഡ്‌സ് ഡയറക്ടറായും ഒറ്റപ്പാലം സബ്കളക്ടർ ഡോ.മിഥുൻ പ്രേമരാജിനെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറായും നിയമിച്ചു. മാനന്തവാടി സബ്കളക്ടർ മിസാൽ സാഗർ ഭരതിനെ പിന്നാക്ക സമുദായ കോർപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറിയാക്കി. കോഴിക്കോട് സബ്കളക്ടർ ഹരീഷ് ആർ.മീണയെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറാക്കി.

ദേവികുളം സബ്കളക്ടറായിരുന്ന വി.എം. ജയകൃഷ്ണനായിരിക്കും സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ പുതിയ എംഡി. കോട്ടയം സബ്കളക്ടർ ഡി.രഞ്ജിത്തിനെ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറായും പെരിന്തൽമണ്ണ സബ്കളക്ടറായിരുന്ന അപൂർവ ത്രിപാഠിയെ ലൈഫ് മിഷൻ സിഇഒയായും നിയമിക്കും. ഷീബാ ജോർജിനെ ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി.

മസൂറിയിൽ രണ്ടാംഘട്ട പരിശീലനം പൂർത്തിയാക്കിയെത്തുന്ന മുറയ്ക്ക് അൻജീത് കുമാറിനെ ഒറ്റപ്പാലത്തും അതുൽ സാഗറിനെ മാനന്തവാടിയിലും ആയുഷ് ഗോയലിനെ കോട്ടയത്തും വി.എം.ആര്യയെ ദേവികുളത്തും എസ്.ഗൗതംരാജിനെ കോഴിക്കോട്ടും ഗ്രന്ഥേ സായികൃഷ്ണയെ ഫോർട്ട് കൊച്ചിയിലും സാക്ഷി മോഹനനെ പെരിന്തൽമണ്ണയിലും സബ്കളക്ടർമാരായി നിയമിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img